2013, മേയ് 4, ശനിയാഴ്‌ച

നോക്കുവിൻ സഖാക്കളേ...



മെയ് 4, സഖാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു,  സി.പി.ഐ.എം. നേതാവ് സൈമൺ ബ്രിട്ടോയും ജനകീയ വികസന സമിതി നേതാവ് എം.ആർ മുരളിയും അക്രമ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുന്നു

 


 എം.ആർ. മുരളി




  ടി.പി. ചന്ദ്രശേഖരൻ വധത്തെ കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം? 


 ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരള രാഷ്ട്രീയത്തിലെ ഏറ്റവും നികൃഷ്ട്മായ കൊലപാതകങ്ങളിൽ ഒന്നാണ്, ഇത് കേരള രാഷ്ട്രീയത്തിൽ വളരെ ഞെട്ടലുളവാക്കി, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം എന്ന ചിന്ത ഇതിനു ശേഷം ശക്തമായിട്ടുണ്ട്. ഒരു നിലക്കും ന്യായീകരിക്കാൻ കഴിയാത്ത ഏറ്റവും നിഷ്ഠൂമായ സംഭവമായി ചരിത്രത്തിൽ ഇത് രേഖപ്പെടുത്തുന്നു, നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർടികൾക്കും സംഘടനകൾക്കും ഒരു പാഠമാകണമിത്, ഒരു കാരണവശാലും രാഷ്ട്രീയ പകയുടെ പേരിൽ ഇനി ഒരു കൊലപാതകം കേരളത്തിൽ ഉണ്ടാകരുത് എന്ന പ്രതിജ്ഞ എല്ലാവരും എടുക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 

 ഇടതു ബദൽ ശക്തിപ്പെടുന്നു എന്നതായിരുന്നോ ടി.പി.യുടെ വധത്തിനു കാരണം? 

 രാഷ്ട്രീയമായ പകപോക്കൽ തന്നെയാണ് ഇതിനു പിന്നിലുള്ളത്, ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയം മേഖലയിൽ രൂപപ്പെട്ടിട്ടുള്ള പ്രസ്ഥാനത്തെ തകർക്കുക എന്ന രാഷ്ട്രീയമായ നിലപാടു തന്നെയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ കലാശിച്ചത്. 

 സി.പി.ഐ.എമ്മിനുള്ള പങ്ക് ഇപ്പോഴും വിശ്വസനീയമാണോ?

സി.പി.എം നേതൃത്വത്തിനും പ്രവർത്തകർക്കുമുള്ള പങ്ക് വ്യക്തമായിട്ടുള്ളതാണല്ലോ, അതിനെ കുറിച്ച് ഇനിയൊരു സംവാദത്തിന്റെ ആവശ്യമില്ല
.
 കോടതികളിൽ ഇപ്പോഴും സാക്ഷികൾ കൂറുമാറുന്നുണ്ട്?

സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല, ചില അപ്രധാനികളായ സാക്ഷികൾ മാത്രമാണ് കൂറുമാറിയിട്ടുള്ളത്.

 ടി.പി. വധത്തെ സംബന്ധിച്ച് സി.പിഎമ്മിന്റെ അന്വേഷണം എന്തായിയെന്ന് വ്യക്തമാക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടിരിക്കുന്നു. അഭിപ്രായം? 

 വി.എസിന്റെ പ്രസ്താവനയിൽ ഒരു മതിപ്പും തോന്നുന്നില്ല, വി.എസ്. ആ പറയുന്നതിൽ ഒരു ആത്മാർത്ഥതയുമില്ല, വി.എസ് സി.പി.എമ്മിന്റെ നേതാവായി തുടർന്നു കൊണ്ട് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം അപഹാസ്യമാണ്



 സൈമൺ ബ്രിട്ടോ


 അക്രമ രാഷ്ട്രീയത്തെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം? 

 ഇത്തരം അക്രമങ്ങൾ രാഷ്ട്രീയം വാർത്തി കളയും 

 എന്തായിരിക്കാം ഇതിനുള്ള കാരണം?

ഒരു പ്രസ്ഥാനം ശക്തിപ്പെടുകയും മറ്റേത് ദുർബലപ്പെടുകയും ചെയ്യുമ്പോഴുള്ള പ്രതികാരമായിരിക്കാം അക്രമങ്ങളുടെ കാരണം

 അക്രമം വ്യക്തികളെ ഉദ്ദേശിച്ചാണോ? 

 വ്യക്തികൾ നശിച്ചാൽ പ്രസ്ഥാനം നശിക്കുമെന്ന് കരുതിയിരുന്നവരാണ് അവർ

  ഇപ്പോൾ നിലനിൽക്കുന്നത് രാഷ്ട്രീയമോ, അരാഷ്ട്രീയമോ?

  ഇപ്പോൾ അരാഷ്ട്രീയം വളരെ ശക്തമാണ്, നമ്മുടെ സമൂഹം വളരെ അരാഷ്ട്രീയപരമായിരിക്കുന്നു. 

 അരാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക്?

ഇടതുപക്ഷം എന്നും അരാഷ്ട്രീയത്തെ എതിർത്തിട്ടുണ്ട്, എന്നാൽ ശരീരം ഇടതുപക്ഷത്തു നിന്നു കൊണ്ട് മനസ്സിനെ വലതുപക്ഷത്തേക്ക് കൊടുക്കുന്നവരുമുണ്ട്.